Saturday, 8 July 2017

AYAL SASI Movie Review

*അയാൾ ശശി ഗംഭീരം*


ചെറിയ ചിത്രങ്ങൾ വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ തീയേറ്ററുകളിലെത്തുകയും അവ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വലിയ വിജയങ്ങളുമാകുന്ന കാഴ്ചയാണ് കഴിഞ്ഞ ഒന്ന് രണ്ടു വർഷങ്ങളായി നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്. വമ്പൻ താര സാന്നിധ്യമോ വലിയ ബജറ്റോ ഒന്നുമല്ല സിനിമകളെ പ്രേക്ഷക പ്രിയമാക്കുന്നതു. അതിലെ കഥയും, കഥയിലെ പുതുമയും, അതിൽ നിറഞ്ഞിട്ടുള്ള പ്രേക്ഷകരുമായി സംവദിക്കുന്ന അതിന്റെ ആത്മാവുമാണ്. കഴിഞ്ഞ വർഷം മഹേഷിന്റെ പ്രതികാരവും അനുരാഗ കരിക്കിൻ വെള്ളവും ഹാപ്പി വെഡിങ്ങും നമ്മൾ കണ്ടു..ഈ വർഷം അങ്കമാലി ഡയറീസും രക്ഷാധികാരി ബൈജുവും ഇപ്പോൾ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രങ്ങളുമൊക്കെ നേടിയ അല്ലെങ്കിൽ നേടി കൊണ്ടിരിക്കുന്ന പ്രേക്ഷക പിന്തുണയും നമ്മൾ കണ്ടു കഴിഞ്ഞു. ഈ കൂട്ടത്തിലേക്ക് ചേർത്ത് വെക്കാവുന്ന ഒരു ചിത്രമായി മാറി കഴിഞ്ഞു സജിൻ ബാബു സംവിധാനം ചെയ്ത അയാൾ ശശി എന്ന കൊച്ചു വലിയ ചിത്രം.
ജൂലൈ ഏഴിന് തീയേറ്ററുകളിൽ എത്തിയ ഈ ചിത്രം പറയുന്നത് ശശി എന്ന കഥാപാത്രത്തിലൂടെ നമ്മളോരോരുത്തരുടേയും ജീവിതകഥ തന്നെയാണ്. ശ്രീനിവാസനാണ് ശശി എന്ന കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. അസ്തമയം വരെ എന്ന നിരൂപക പ്രശംസ നേടിയ ചിത്രത്തിന് ശേഷം അയാൾ ശശി എന്ന ഈ ചിതവുമായി എത്തുമ്പോൾ സജിൻ ബാബു സ്വീകരിച്ചത് ആക്ഷേപ ഹാസ്യത്തിന്റെ ഫോർമാറ്റാണ്. ആക്ഷേപ ഹാസ്യത്തിലൂടെ നമ്മുടെ ഇന്നത്തെ നഗര കേന്ദ്രീകൃതമായ ജീവിത രീതികളെയും സാഹചര്യങ്ങളെയും പെരുമാറ്റങ്ങളെയുമെല്ലാം സജിൻ ബാബു ശശി എന്ന തന്റെ നായകൻറെ കഥയിലൂടെ വരച്ചിടുന്നു.
വളരെയധികം വിശ്വസനീയമായ കഥ സന്ദർഭങ്ങളൊരുക്കി പ്രേക്ഷകരുടെ മനസ്സുകളുമായി ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും ബന്ധിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഒരു രചയിതാവ് എന്ന രീതിയിലും സംവിധായകനെന്ന നിലയിലും സജിൻ ബാബുവിന്റെ വിജയം.
ശശി നമ്പൂതിരി ഒരു പെയിന്റിംഗ് ആർട്ടിസ്റ് ആണ്. തന്റെ പെയിന്റിങ്ങുകൾ വിറ്റു ജീവിക്കുന്ന അയാൾക്ക്‌ എപ്പോഴും സമൂഹത്തിന്റെ ശ്രദ്ധ തന്നിലേക്ക് തിരിക്കണമെന്നാഗ്രഹമുണ്ട്. അതിനായി ശശി ഏതു വഴിയും സ്വീകരിക്കുകയും ചെയ്യും. അങ്ങനെയിരിക്കെ ഒരു ഹൈ ടെക്ക് ശവപ്പെട്ടിയെ കുറിച്ച് ശശി അറിയാനിടവരികയും അങ്ങനെയൊരെണ്ണം നാട്ടിലെത്തിക്കാൻ പ്ലാൻ ചെയ്യുകയും ചെയ്യുന്നു. തുടർന്ന് ശശിയുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
വളരെ റിയലിസ്റ്റിക്കായി ഈ ചിത്രമൊരുക്കാൻ സജിൻ ബാബുവിന് കഴിഞ്ഞിട്ടുണ്ട്. ഒരു സ്പൂഫ് പോലെയാകാതെ എല്ലാത്തരം പ്രേക്ഷകനെയും രസിപ്പിക്കാനുതകുന്ന, എന്നാൽ അതിനു വേണ്ടി വിട്ടു വീഴ്ചകൾക്ക് വിധേയമാകാതെ താൻ പറയുദ്ദേശിച്ചതു വളരെ സത്യസന്ധമായി പറയാൻ കഴിഞ്ഞു എന്നതാണ് ഈ സംവിധായകന്റെ മികവ്. പ്രശസ്തിക്കും മറ്റുള്ളവരുടെ ശ്രദ്ധ നേടാനും വേണ്ടി നമ്മുടെ ഇന്നത്തെ ആധുനിക ലോകത്തിൽ മനുഷ്യർ കാട്ടി കൂട്ടുന്ന കാര്യങ്ങളെയും സോഷ്യൽ മീഡിയ ഉപയോഗിച്ച് നടത്തുന്ന പബ്ലിസിറ്റി സർക്കസുകളെയും സർകാസ്റ്റിക് ആയ രീതിയിൽ സമീപിച്ചിട്ടുണ്ട് സംവിധായകൻ. ശശി എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ പല പൊള്ളത്തരത്തെയും ഹിപ്പോക്രസിയെയും സംവിധായകൻ വളരെ രസകരമായി പൊളിച്ചടുക്കിയിട്ടുണ്ട്. പ്രേത്യേകിച്ചും മതങ്ങളുടെ പേരിൽ നടക്കുന്ന പൊള്ളയായ കാര്യങ്ങളെ നല്ല രീതിയിൽ തന്നെ ഹാസ്യവൽക്കരിച്ചിട്ടുണ്ട് സജിൻ ബാബു ഈ ചിത്രത്തിലൂടെ.
ശശിയായി ശ്രീനിവാസൻ നടത്തിയ മികച്ച പ്രകടനമാണ് ചിത്രത്തിനെ മറ്റൊരു സവിശേഷത. തന്റെ സ്വതസിദ്ധമായ സംഭാഷണ ശൈലിയും ശരീര ഭാഷയും ഇത്ര മികച്ച രീതിയിൽ ശ്രീനിവാസൻ അടുത്ത കാലത്തെങ്ങും ഒരു കഥാപാത്രത്തിനായി ഉപയോഗിച്ച് കണ്ടിട്ടില്ല. ഒരുപക്ഷെ ശ്രീനിവാസന്റെ ഓഫ്‌സ്ക്രീൻ വ്യക്തിതവുമായി കുറച്ചേറെ സാമ്യം തോന്നുന്ന ഒരു കഥാപാത്രമാണ് ശശി എന്ന് പറയാം. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച കൊച്ചു പ്രേമൻ, എസ് പി ശ്രീകുമാർ, രാജേഷ് ശർമ്മ , അനിൽ നായർ , ദിവ്യ ഗോപിനാഥ് എന്നിവരും തങ്ങളുടെ ഭാഗങ്ങൾ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ചു.

No comments:

Post a Comment