Showing posts with label MOVIE REVIEWS. Show all posts
Showing posts with label MOVIE REVIEWS. Show all posts

Monday, 25 December 2017

ശരാശരിയിൽ ഒതുങ്ങിയ ആട് 2


"ആട് ഒരു ഭീകരജീവി" തീയറ്ററിൽ വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും ടോറന്റ്, DVD റിലീസോടെ സിനിമ മലയാളീ യുവഹൃദയങ്ങളിൽ വൻ സ്വീകാര്യത നേടി. തുടര്‍ന്ന് ആടിന്റെയും ഷാജി പാപ്പന്റെയും ആരാധകരുടെ നിരന്തര അഭ്യര്‍ഥനകളെ തുടര്‍ന്ന് ആടിന്റെ രണ്ടാം ഭാഗവുമായി അണിയറ പ്രവര്‍ത്തകര്‍ വീണ്ടും എത്തിയിരിക്കുകയാണ്





🔰 എന്താണ് ആട് 2 🔰
വർഷങ്ങളായി പ്രവര്‍ത്തനം ഒന്നുമില്ലാതെ കാട്പിടിച്ച് കിടക്കുന്ന വിന്നേഴ്സ് ക്ളബ് ഒരു മാസത്തിനകം പുനപ്രവർത്തനം ആരംഭിച്ചില്ലെങ്കിൽ ക്ളബ്ബിന് അനുവദിച്ച സ്ഥലം തിരിച്ചു പിടിക്കാൻ പഞ്ചായത്ത് തീരുമാനിക്കുന്നു.
പഞ്ചായത്തിന്റെ ഈ നടപടി മറികടക്കാൻ പാപ്പനും കൂട്ടരും വടംവലിയുമായി വീണ്ടും ഇറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന വടംവലി മത്സരത്തിൽ 51 പവന്റെ സ്വർണ്ണകപ്പ് പാപ്പനും കൂട്ടരും വിജയിച്ച് നേടുന്നു. തുടര്‍ന്ന് ഈ കപ്പ് മൂലം പാപ്പനും പിള്ളേർക്കും ഉണ്ടാകുന്ന പ്രശ്നങ്ങളും മോഡീ ഗവണ്‍മെന്റിന്റെ നോട്ട് നിരോധനവുമെല്ലാമാണ് പ്രധാനമായും ആടിന്റെ രണ്ടാം വരവിൽ വിഷയമാകുന്നത്

🔰 കഥാപാത്രങ്ങളിലേക്ക് 🔰
സിനിമയുടെ തുടക്കത്തിൽ ഒരു സീനിൽ പിങ്കി ആടിനെയും മക്കളെയും കാണിക്കുന്നത് ഒഴിച്ചാൽ ഈ സിനിമയ്ക്ക് ആടുമായി യാതൊരുവിധ ബന്ധവുമില്ല. ആദ്യ ഭാഗത്തേക്കാൾ മാസ്സ് പരിവേഷം കൂടുതലാണ് രണ്ടാം ഭാഗത്തിൽ ഷാജി പാപ്പന്. മലേഷ്യയിലെ അധോലോക നായകനായിരുന്ന ഡ്യൂഡ് ഇന്ന് തമിഴ്‌നാട്ടിലെ ഒരു ഹോട്ടലിലെ അടിമ കുക്കാണ്. ചിത്രത്തിൽ ഏറ്റവും കൂടുതൽ  കൈയ്യടി നേടുന്നതും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതും വിനായകന്റെ ഡ്യൂഡ് എന്ന കഥാപാത്രമാണ്. ഷാജി പാപ്പനായി ജയസൂര്യയും അറയ്ക്കൽ അബുവായി സൈജു കുറുപ്പും സർബത്ത് ഷമീറായി വിജയ് ബാബുവും ആദ്യ ഭാഗത്തിലെപോലെ തന്നെ രണ്ടാം ഭാഗത്തിലും ജീവിച്ചു. സണ്ണി വെയ്ന് കാര്യമായി ഒന്നും തന്നെ ചെയ്യാൻ ചിത്രത്തിൽ ഉണ്ടായിരുന്നില്ല. ഒരോ സീനുകളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന പാപ്പന്റെ മുൻ ഭാര്യ മേരിയും(ശ്രിന്ദ) ഡ്രൈവർ പൊന്നപ്പനും(അജു) കാണികളിൽ ചിരി പടർത്തി.

ആദ്യ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിൽ കോമഡി രംഗങ്ങൾ വളരെ കുറവായിരുന്നു. തിരക്കഥയുടെ പോരായ്മയും കോമഡി രംഗങ്ങളുടെ കുറവും സിനിമയെ ആവറേജ് നിലവാരത്തിൽ പിടിച്ചു നിര്‍ത്തി. 35 വയസ്സിനു മുകളിലുള്ള ആളുകള്‍ക്ക് ചിത്രം എത്രത്തോളം ആസ്വദിക്കാൻ കഴിയുമെന്ന് കണ്ടറിയണം .

🔰 മൊത്തത്തിൽ ആട് 2 🔰

അമിത പ്രതീക്ഷകളും ലോജിക്കും മാറ്റി നിര്‍ത്തി ചിത്രത്തെ സമീപിച്ചാൽ  ഒരു ക്രിസ്മസ് എന്റെർടൈനർ കണ്ട തൃപിതീയിൽ തീയറ്റർ വിട്ടിറങ്ങാം.  കോമഡി രംഗങ്ങളും പാപ്പനും ഡ്യൂഡുമാണ് ചിത്രത്തിന്റെ പ്രധാന മുതൽക്കൂട്ട്. കലാപരമായും കഥാപരമായും ആടിനേക്കാൾ മികച്ച ക്രിസ്തുമസ് ചിത്രങ്ങൾ വേറെയുണ്ടെങ്കിലും ആട് എഫക്റ്റിൽ അവയ്ക്കെല്ലാം പിന്നിലാണ് സ്ഥാനം. ജയസൂര്യയുടെ കരിയർ ബെസ്റ്റ് ഹിറ്റും ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും പണം വാരുന്നതും ആട് തന്നെ ആയിരിക്കും. എന്നിരുന്നാലും ഒരു ആവറേജ് ചിത്രം എന്നതിന് മുകളിലേക്ക് ആട് 2 നെ പ്രധിഷ്ഠിക്കുവാൻ ഒരിക്കലും കഴിയില്ല...
#sagarbeslinabraham

Saturday, 5 August 2017

ചങ്ക്സ് അഥവാ ഒമറിന്റെ ഭരണിപ്പാട്ട്

ചങ്ക്സ് - ഒമറിന്റെ ഭരണിപ്പാട്ട്
എഴുതിയത് : സുനിൽ നടയ്ക്കൽ

******************************************

ഒമര്‍ ലുലുവിറെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചങ്ക്സിന്‍റെആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മിക്സ് റിവ്യൂകൾ പുറത്തു വന്നിരുന്നെങ്കിലും ഫേസ് ബുക്കിൽ പുതിയ സിനിമകളുടെ സത്യസന്ഥമായ അഭിപ്രായം അറിയാന്‍ ഒരുപാട് പേർ ആശ്രയിക്കുന്ന യഥാർഥ പേര് വെളിപ്പെടുതാത്ത  2 പ്രമുഖ എഴുത്തുകാരുടെ  പൊസിറ്റിവ് റിവ്യു വായിച്ചപ്പോള്‍ കിട്ടിയ ചെറിയ പ്രതീക്ഷയും പടത്തിന് കിട്ടിയ U  സർട്ടിഫിക്കറ്റും ടിക്കറ്റെടുക്കാൻ പ്രേരണയായി

"പണത്തിന്നു മേലെ പരുന്തും പറക്കില്ല "

തന്റെ ഒന്നാം ചിത്രത്തിലെ പോലെ തന്നെ എന്ജിനീറിങ് കോളേജ് പിശ്ചാത്തലമാക്കി തന്നെയാണ് സംവിധായകൻ കഥ പറയുന്നത് അവിടുത്തെ ചങ്ക്സ് ആയ നാലു സുഹൃത്തുക്കളുടെ ഇടയിലേക്ക് കടന്നു വരുന്ന മാദക സുന്ദരിയും പിന്നെ സ്ഥിരം പ്രശ്നങ്ങളും


ആദ്യമേ പറയട്ടെ ഈ അടുത്ത കാലത്തു ഇത്ര മോശമായ ഒരു ടൈറ്റിൽ കാർഡ് കണ്ടിട്ടില്ല. അവിടെ തുടങ്ങിയ നിലവാരമില്ലായ്മ സിനിമ തീരുന്ന വരെ മുഴച്ചു നിന്നു.  തന്റെ രണ്ടാമത്തെ സിനിമയിലെത്തുമ്പോഴേക്കും  സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും പിന്നിട്ടിരിക്കുന്നു സംവിധായകൻ. ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങിയ ആഭാസം ഏന്‍ഡ് ക്രെഡിറ്റ്  വരെ  നില നിര്‍ത്താനായി എന്നത് മേന്മയാണ് . തന്റെ  ഒന്നാം സിനിമയില്‍ വൾഗര്‍ കോമഡികള്‍ക്ക് നായകന്റെ സഹപാഠികളായിരുന്നു ഇരയെങ്കില്‍ ഇപ്രാവശ്യം അധ്യാപകരെ പോലും വെറുതെ വിടുന്നില്ല ഒമര്‍. ഡബിൾ മീനിങ് കോമഡികളുടെ സംസ്ഥാന സമ്മേളനം തന്നെയാണ് സിനിമ  ഇടവേളകളിൽ പുട്ടിനു പീര പോലെ ഇരുപത്തഞ്ചു കൊല്ലം മുൻപൊക്കെ എന്ജിനീറിങ് കാമ്പസുകളിൽ ഔട്ട് ഓഫ് ഫാഷൻ ആയ ചളി നമ്പറുകളും

കഥ എന്ന് പറയാന്‍ അങ്ങിനെ പ്രത്യേകിച്ച് ഒന്നും ഇല്ല ഇനി ഉള്ളതോ കട്ടപ്പനയിലെ റിഥിക് റോഷനില്‍ നിന്ന് ചുരണ്ടിയതും  ഇവിടെയും വെളുത്ത സുന്ദരി പെണ്ണിനെ സ്നേഹിച്ച കറുത്ത സൌന്ദര്യമില്ലാത്ത നായകന്‍റെ  ധര്‍മ്മ സങ്കടങ്ങള്‍. സ്ഥിരം ലോജിക്കില്ലായ്മയും കഥയുടെ അവസാനത്തില്‍ ഒറ്റ നിമിഷം കൊണ്ട് മലക്കം മറിയുന്ന  നായികയും മറ്റു കഥാപാത്രങ്ങളും. വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെ പോലും സൃഷ്ടിക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തുക്കളോ ശ്രമിച്ചിട്ടില്ല  മൊത്തത്തില്‍  സിനിമ കൊണ്ട് ആക്കെങ്കിലും ഗുണമുണ്ടോ എന്ന് ചോദിച്ചാല്‍ കുറെ   സിനിമകളില്‍ നായന്റെ എര്‍ത്ത് ആയി നടന്നിരുന്ന ബാലു വര്‍ഗീസിനാണ്
എല്ലാ അര്‍ത്ഥത്തിലും

ഗ്ലാമർ പ്രദർശനം  പ്രധാന ജോലിയാക്കിയ നായിക തന്റെ ജോലി ഭംഗിയാക്കി പ്രത്യേകിച്ചും ഗോവന്‍ രംഗങ്ങളില്‍  . മറ്റ് കഥാപാത്രങ്ങളിൽ ധർമജൻ മാത്രമാണ് അൽപ്പം ആശ്വാസം . അടുത്ത കാലത്തായി ആഭിനയിക്കുന്ന എല്ലാ സിനിമകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന സിദ്ദിക്ക്നെ പോലും ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. സിനിമക്ക് സംഭാഷണം എഴുതിയ സുഹൃത്തുക്കൾക്ക് ഭരണിപ്പാട്ടെഴുത്തിൽ ഭാവിയുണ്ട്. ഗോപി സുന്ദറിന്റെ സംഗീത വിഭാഗം വൻ പരാചയം. ആൽബിയുടെ  ക്യാമറ തരക്കേടില്ല എവിടെ നിന്നോ തുടങ്ങിയ സിനിമ എങ്ങിനെയോ അവസാനിച്ചപ്പോൾ ഒരാശ്വാസം തോന്നി.

ഫേസ് ബുക്കിലെ സിനിമാ ഗ്രൂപ്പുകളുടെയും ട്രോൾ പേജുകളുടെയും പേര്  ടൈറ്റിൽ കാർഡിൽ ഏഴുതി കാണിച്ചും ലൈവ് വന്നും ഒക്കെ  പരമാവധി പിന്തുണ ഉറപ്പാക്കാൻ സംവിധായകൻ കാണിച്ച മിടുക്കും സമയവും സിനിമയുടെ തിരക്കഥയിലും സംഭാഷണങ്ങളിലും ഉപയോഗിച്ചിരുന്നെങ്കിൽ സിനിമ  ഒരൽപ്പം മെച്ചപ്പെട്ടേനെ.ഫണ് റൈഡ് എന്ന ടാഗ് ലൈനിൽ എന്തു പേക്കൂത്ത് കാണിച്ചാലും എന്നും മലയാളി പ്രേക്ഷകർ ക്ഷമിക്കും എന്നത് സംവിധായകന്റെ  മിഥ്യാ ധാരണ മാത്രമാണ് . കോളേജ് എന്നാല്‍ വെറും വെള്ളമടിയും ആഭാസത്തരങ്ങളും മാത്രമാണെന്നാണ് സംവിധായകന്‍ ധരിച്ചു  വച്ചിരി‍ക്കുന്നതെന്ന് അയാളുടെ രണ്ടു സിനിമകളും തെളിയിക്കുന്നു കലാലയ ജീവിതത്തിന്റെ നല്ല വശങ്ങളെ കാണിക്കുന്ന ‍ ഒരു സീനെങ്കിലും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രമിക്കേണ്ടതായിരുന്നു.

ഒരു സംവിധായന്റെ യഥാർഥ  കഴിവ് തെളിയിക്കുന്നത് അയാളുടെ രണ്ടാമത്തെ സിനിമയിലാണെന്നു കേട്ടിട്ടുണ്ട് അത്തരത്തില്‍ നോക്കിയാല്‍ ഒമര്‍  താങ്കൾ സംവിധായകന്‍ എന്ന നിലയില്‍ പരാചയം ആണെന്ന് വ്യസനത്തോടെ  പറയേണ്ടി വരും . സ്വന്തം കുടുംബത്തോടൊപ്പം തിയേറ്ററില്‍ നിന്ന് സിനിമ കണ്ടു തല കുനിച്ചിറങ്ങി വരാനുതകാത്ത  ഒരു സൃഷ്ടി താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു

വാൽകഷ്ണം :- കുടുംബവും കുട്ടികളുമായി ജനം തിയ്യറ്ററുകളിലേക്കെത്തുമ്പോഴാണ് നല്ല സിനിമകൾ വിജയിക്കുന്നത് അതിനുതകുന്ന ഒരു സിനിമാ സംസ്കാരം വളർത്തേണ്ടത് സിനിമാ പ്രവർത്തകരോടൊപ്പം പ്രേക്ഷകരുടെയും കടമയാണ ഒമറിന്റെ ഒന്നാമത്തെ സിനിമ വിജയിപ്പിച്ച പ്രേക്ഷകര്‍ ആണ് ഒരു കണക്കിന് തെറ്റുകാര്‍. ആ വിജയത്തില്‍ നിന്നുള്ള പ്രചോധനമാണ് അയാളെ വീണ്ടും ഇത്തരത്തിലൊരു സിനിമയുമായി വരാന്‍ പ്രേരിപ്പിച്ചത് നല്ല  സിനിമകൾ വിജയിപ്പിക്കുന്നതിനോടൊപ്പം  ഇത്തരം സിനിമകൾ വിജയിപ്പിക്കാതിരിക്കേണ്ടതും  പ്രേക്ഷകരുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ ഇതാണ് പ്രേക്ഷക അഭിരുചി എന്നു തെറ്റു ധരിച്ചു ഇനിയും ഇത്തരം സിനിമകളുടെ കുത്തൊഴുക്കിന്‌ നമ്മൾ സാക്ഷികളാകേണ്ടി വരും .
ഒരു കാലത്ത് മലയാള സിനിമയെ  പിന്നോട്ടടിപ്പിച്ച ഷക്കീല തരംഗം പോലെ ഒന്ന്.

എഴുതിയത് : സുനിൽ നടയ്ക്കൽ

Saturday, 8 July 2017

PAVITHRAM Movie Review

'PAVITHRAM'' MALAYALAM MOVIE REVIEW


സ്വന്തം അമ്മയുടെ ഗർഭ കാലം കണ്ട അപൂർവ്വം മക്കളിൽ ഒരാളാകും പവിത്രം എന്ന സിനിമയിലെ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണി . തന്റെ 'അമ്മ ഗർഭം ധരിച്ചിരിക്കുകയാണെന്നു അറിഞ്ഞപ്പോൾ ഏറ്റവും അധികം സന്തോഷിച്ചതും ഉണ്ണിയാണ് . ഒരു കുല പച്ചമാങ്ങ യാണ് ഉണ്ണി മാവീന്നു പറിച്ചു അമ്മക്ക് കൊണ്ട് കൊടുത്തത്. ഭീമനായിരുന്നെങ്കിൽ ഒരു മരം തന്നെ പിഴുതു അമ്മക്ക് തരുമായിരുന്നു എന്ന് ഉണ്ണി പറഞ്ഞു . ഒരു പെൺ കുഞ്ഞു കൂടി വേണമെന്ന് ഈശ്വരപിള്ളയുടെയും ദേവകിയമ്മയുടെയും ആഗ്രഹമായിരുന്നു. പക്ഷെ ഈശ്വരകടാക്ഷം അല്പം വൈകിയാണ് അവരിലെത്തിയത്. മൂത്ത മകന്റെ വിവാഹം കഴിഞ്ഞു ഏറെ കാലമായി കുഞ്ഞുങ്ങൾ ഒന്നും ഉണ്ടാവാതിരുന്നതും അവര്‍ക്ക് ഈയൊരു സന്തോഷത്തോടൊപ്പം ചെറിയ വ്യസനവും ഉണ്ടാക്കിയിരുന്നു.ധാരാളം രസകരമായ അഭിയായ മുഹൂര്‍ത്തങ്ങള്‍ ഉള്ള ചിത്രമായിരുന്നു പവിത്രം. അതില്‍ ഒന്നാണ് ഈശ്വര പിള്ളയുടെ മൂത്ത മകന്‍ ആയി ശ്രീനിവാസന്‍ ചെയ്ത ഡോക്ടര്‍ രാമൃഷ്ണന്‍ എന്ന കഥാപാത്രം അമ്മ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്നറിഞ്ഞ് വീട്ടില്‍ എത്തുന്ന രംഗങ്ങള്‍ . മകനെ കണ്ടയുടന്‍ ചെയ്ത തിലകന്‍റെ കഥാപാത്രം ചെറിയ ചമ്മലോടു കൂടി പുറത്തേക്കു പോകുന്നതും അമ്മ മകന്റെ മുമ്പില്‍ ചെറിയ നാണത്തോടെ നില്‍ക്കുന്നതുമായ രംഗങ്ങള്‍.
ശ്രീരാഗം പോലെ മനോഹരിയായിരുന്നു മീര ...ശോഭന ചെയ്ത കഥാപാത്രമായിരുന്നു മീര..ഉണ്ണിയുമായി പ്രണയത്തിലാണവൾ. അതുപോലെ തന്നെ പ്രണയിക്കുകയാണ് ഈശ്വരപിള്ളയും ദേവകിയമ്മയും. വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട് ഇവരുടെ പ്രണയം ശ്രീ രാഗമോ തേടുന്നു നീയീ വീണതൻ പോൻ തന്ത്രിയിൽ എന്ന ഗാനത്തിലൂടെ. പക്കാല നിലബടി എന്ന ഖരഹരപ്രിയയിലെ പ്രശസ്തമായ ത്യാഗരാജ കൃതി ബേസ് ചെയ്തു ശരത് കമ്പോസ് ചെയ്ത ഗാനമാണിത്. ഖരഹരപ്രിയയിൽ കൈശികി നിഷാദം ആണ്. പക്ഷെ ചില ഭാഗങ്ങളിൽ കാകളി നിഷാദം ഉപയോഗിച്ചിട്ടുണ്ടെന്നു ശരത് പറയുന്നു.
വാലിന്മേൽ പൂവും എന്ന ഗാന ചിത്രീകരണത്തിലൂടെയാണ് ശ്രീവിദ്യ ചെയ്ത കഥാപാത്രത്തിന്റെ ഗര്ഭകാലം കാണിച്ചിരിക്കുന്നത്. ഇത്രയും മനോഹരമായ ഒരു ഗാനചിത്രീകരണം മുൻപ് കണ്ടിട്ടില്ല. പ്രകൃതിയോട് ഇത്ര അടുത്ത് ഇടപഴകുന്ന അപൂർവ്വം ഗാനരംഗങ്ങളിൽ ഒന്ന്. ചട്ടിയിലെ കരി എടുത്തു തിലകൻ മീശ കറുപ്പിക്കുന്നതും. ശ്രീവിദ്യ വിളക്കിലെ കരികൊണ്ടു കണ്ണെഴുതുന്നതും. തിലകനും നെടുമുടി വേണുവും പാടത്ത് നടക്കുമ്പോൾ കൊയ്ത്തുകാരി പെണ്ണുങ്ങൾ തിലകനെ നോക്കി കളിയാക്കി ചിരിക്കുന്നതും എല്ലാം വളരെ നർമ്മത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ഗർഭിണിക്ക് പച്ചമാങ്ങ തിന്നാനുള്ള കൊതി മുതൽ സുഖ പ്രസവത്തിനു അവരെ ചെയ്യിപ്പിക്കുന്ന ചെറിയ വ്യായാമങ്ങൾ വരെ വളരെ നന്നായി ചിത്രീകരിച്ചിരിക്കുന്നു സംവിധായകൻ ഈ ഗാന രംഗത്തിൽ .
അമ്മയുടെ വയറിൽ കിടക്കുന്ന കുഞ്ഞിനെ ഒരു കുഞ്ഞരിപ്രാവിനോട് ഉപമിക്കുകയാണ് പ്രിയ കവി ശ്രീ ഓ എൻ വി. അമ്മത്തിരുവയർ ഉള്ളിൽ കുറുകണ് കുഞ്ഞരിപ്രാവ് കുഞ്ഞമ്മിണി പ്രാവ് . കല്യാണി രാഗമായിരുന്നു ശരത് ഈ ഗാനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. എം ജി ശ്രീകുമാറിന്റെ മനോഹരാലാപനം ഈ ഗാനത്തിന്റെ മറ്റൊരു പ്രത്യേകതയാണ് .


പക്ഷെ ആ സന്തോഷം ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് ആയിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല. പ്രസവത്തോടെ 'അമ്മ' മരിക്കുന്നു . ആകെ ദുഃഖം തളം കെട്ടി നിൽക്കുന്ന അവസ്ഥ . ശുഭപന്തുവരാളി രാഗമായിരുന്നു ആ ഒരു സിറ്റുവേഷന് വേണ്ടി ശ്രീ ശരത്ത് ഉപയോഗിച്ചത് ദാസേട്ടൻ പാടിയ പറയൂ നിന്‍ ഹംസഗാനം എന്ന ഗാനം ..... ചിത്രത്തിൽ എന്ന പോലെ പ്രേക്ഷകരെയും വളരെയേറെ ദുഃഖത്തിൽ ആഴ്ത്തുന്നു ഈ ഗാനം.
കുറ്റബോധത്താൽ അച്ഛൻ നാടുവിട്ടു പോയി. കുഞ്ഞിനു ഒരിറ്റു മുലപ്പാൽ നൽകാൻ പുഞ്ചിരിച്ചേച്ചിക്ക് തോന്നി . ഉണ്ണിക്കു എന്ത് ചെയ്യണമെന്ന് അറിയില്ല. ഒരു ഭാഗത്തു സ്വന്തം അനുജത്തി . മറ്റൊരു ഭാഗത്തു മീരയോടൊപ്പം ഉള്ള കുടും ജീവിതം. കുഞ്ഞുങ്ങളില്ലതിരുന്ന മൂത്ത ജ്യേഷ്ടന്‍ സ്വന്തം അനുജത്തിയെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. അതിനാല്‍ സ്വന്തം അനുജത്തിക്ക് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവെക്കാന്‍ തീരുമാനിച്ചു ഉണ്ണി.
മീനാക്ഷി വളരുന്നു ആ വളർച്ച കാണിക്കുന്നത് ഒരു ഗാനരംഗത്തിലൂടെയാണ്. താളമയഞ്ഞു ഗാനമപൂർണ്ണം താരലയം പാടും രാഗധാര എന്ന ഗാനമാണ് ഈ സിറ്റുവേഷനില്‍ ചിത്രത്തില്‍ വരുന്നത്. രണ്ടു രാഗങ്ങള്‍ ആണ് ഇതിന്റെ സംഗീത സംവിധായകന്‍ ശരത്ത് ഈ ഗാനത്തിന് വേണ്ടി തിരഞ്ഞെടുത്തത്. ഗാനം തുടങ്ങുന്നത് ഒരു ശോക ഭാവത്തിലാണ്. അതിനു വേണ്ടി ദ്വിജാവന്തി എന്ന രാഗവും അനുപല്ലവിയിലും ചരണത്തിലും കാണപ്പെടുന്ന സന്തോഷത്തിനു മധ്യമാവതിയും സംഗീത സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു.
ഉണ്ണി മീനാക്ഷിയെ ചേട്ടാ എന്ന് വിളിക്കാൻ പഠിപ്പിച്ചപ്പോൾ മീനാക്ഷിയുടെ നാവിലെ സരസ്വതി ചേട്ടഛാ എന്നു മാറ്റി വിളിപ്പിച്ചു. ചേട്ടച്ഛൻ അവളുടെ അച്ഛനും അമ്മയും ജ്യേഷ്ഠനും കളിക്കൂട്ടുകാരനും എല്ലാമായി. മീനാക്ഷി വളർന്നു .അവൾ വയസറിയിച്ചിരിക്കുകയാണ്. പെൺകുട്ടികൾ ഋതുമതിയാകുന്ന രംഗം ചിത്രീകരിച്ച അപൂർവ്വം സിനിമകളിൽ ഒന്നാകും പവിത്രം. പുഴയോരത്ത് മീനാക്ഷി ഇരിക്കുന്നതും പെട്ടന്ന് അടിവയറ്റിൽ ഉണ്ടാകുന്ന വേദനയും മുഖത്തെ ഭാവമാറ്റവും എല്ലാം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ടി കെ രാജീവ് കുമാർ.


ഉപരിപഠനത്തിനായി ഗ്രാമീണതയിൽ നിന്നും നാഗരികതയിലൂടെയുള്ള കലാലയകാഴ്ചകൾ മീനാക്ഷിയുടെ മനസ്സിൽ പുതിയ വർണ്ണങ്ങൾ വാരിവിതറി.
പാരമ്പര്യമായ ദേഹണ്ഡപ്പണി കൈവിടാൻ ഉണ്ണി തയ്യാറായിരുന്നില്ല. പല സന്ദര്ഭങ്ങളിലും മീനാക്ഷിക്ക് ദേഹണ്ഡക്കാരനായ ഉണ്ണിയെ അംഗീകരിക്കാൻ വൈഷമ്യം ഉണ്ടായി. നാഗരികതയുടെ നാട്യംവും ജ്യേഷ്ഠനും ഭാര്യയും മീനാക്ഷിയെ തന്നിൽ നിന്ന് അകറ്റുമോ എന്ന് ഉണ്ണി നന്നായി ഭയപ്പെട്ടിരുന്നു .
ആ ഒരു ഭയം ഉണ്ണിയുടെ മനസ്സിനെ ആഴത്തിൽ കുത്തി മുറിവേൽപ്പിച്ചിരുന്നു. മറ്റൊരു സന്ദർഭത്തിൽ മീനാക്ഷിക്ക് ഉണ്ടാകുന്ന അപകടം ഉണ്ണിയുടെ മനസിന്റെ നിലയാകെ തെറ്റിച്ചു. അതറിഞ്ഞു മീനാക്ഷി ഓടിയെത്തിയപ്പോഴേക്കും സമയം അല്പം വൈകിയിരുന്നു. മീനാക്ഷിക്ക് തന്റെ ചേട്ടച്ഛനെ തിരികെ കിട്ടും എന്ന വിശ്വാസത്തോടെ മീനാക്ഷി തന്റെ ചേട്ടച്ഛനെ മാറോടു ചേർത്തു. പ്രേക്ഷകര്‍ ഈ ചിത്രത്തെയും.
സന്തോഷ് ശിവൻ എന്ന ഛായാഗ്രാഹകന്റെ കഴിവ് വേണ്ടുമോളം ഉപയോഗിച്ച ഒരു ചിത്രം കൂടിയായിരുന്നു പവിത്രം. ക്ഷണക്കത്ത് എന്ന രാജീവ് കുമാർ ചിത്രം മുതൽ അദ്ദേഹത്തിന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും സംഗീതം നിർവഹിച്ചത് ശരത്ത് ആയിരുന്നു. ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ശരത് തന്നെയായിരുന്നു നിര്‍വഹിച്ചത്. ഗാന സന്ദര്ഭത്തിനനുയോജ്യമായ ഒരു പിടി നല്ല ഗാനങ്ങള്‍ നല്‍കാന്‍ ശരത് , ഓ എന്‍ വി എന്നിവര്‍ക്കായി .
അഞ്ഞൂറോളം വര്ഷം പഴക്കം ഉള്ള പിറവത്തെ പാഴൂരുള്ള പടുതോൾ എട്ടുകെട്ടു മനയാണ് ഈ സിനിമയുടെ ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്നത്. മോഹൻ ലാൽ എന്ന പ്രതിഭയുടെ അസാധ്യമായ പ്രകടങ്ങൾ ഉള്ള ചിത്രം കൂടിയാണ് പവിത്രം . പ്രത്യേകിച്ച് ഈ ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗങ്ങൾ.
ചെറുതാണെങ്കിലും കെ പി എ സി ലളിത മനോഹരമാക്കിയ കഥാപാത്രമായിരുന്നു പുഞ്ചിരി. ചിത്രത്തിന്റെ ക്ളൈമാക്സ് ഭാഗങ്ങളിൽ നമ്മെ കണ്ണു നനയിപ്പിക്കുന്നു ഈ കഥാപാത്രം. വിന്ദുജാ മേനോന്‍ ചെയ്ത മീനാക്ഷി എന്ന കഥാപാത്രം നമ്മുടെ മനസ്സില്‍ നിന്നും മായാതെ കിടക്കുന്നു. അധികം വേഷങ്ങള്‍ ഒന്നും അവര്‍ മലയാള സിനിമയില്‍ ചെയ്തിട്ടില്ല എങ്കിലും മലയാളികളുടെ മനസ്സില്‍ എന്നെന്നും നിലനില്‍ക്കുന്ന കഥാപാത്രമായിരുന്നു മീനാക്ഷി.
പ്രശസ്തനായ ഒരു മനോരോഗ വിദഗ്ദന്‍ ഒരിക്കല്‍ രാജീവ്‌ കുമാറിനോട് ചോദിക്കുകയുണ്ടായി, മോഹന്‍ലാല്‍ ക്ലൈമാക്സ് രംഗങ്ങളില്‍ കാണിക്കുന്ന ഒരു തരം മാനസിക അസ്വാസ്ഥ്യം അഭിനയിച്ചു കാണിക്കുവാന്‍ വേണ്ടി അങ്ങനെ പെരുമാറുന്ന ഏതെങ്കിലും മനോരോഗിയെ സന്ദര്‍ശിച്ചിരുന്നോ അല്ലെങ്കില്‍ എന്തെങ്കിലും പഠനമോ മറ്റോ നടത്തിയിരുന്നോ എന്ന് . ഇല്ല എന്നായിരുന്നു രാജീവ്‌ കുമാറിന്റെ മറുപടി. ആ കഥാപാത്രം അന്നേരം ചെയ്യുന്നപോലെയാണ്‌ ജീവിതത്തിലും അത്തരം മാനസിക രോഗികള്‍ പെരുമാറുന്നത് എന്നു ഡോക്ടര്‍ പറയുന്നത് കേട്ട രാജീവ്‌ കുമാര്‍ അത്ഭുത സ്തബ്ദന്‍ ആയി എന്നാണ് ശ്രീ രാജീവ്‌ കുമാര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്
പി ബാലചന്ദ്രൻ എന്ന അസാമാന്യ പ്രതിഭയുടെ ഏറ്റവും മികച്ച തിരക്കഥകളിൽ ഒന്നുകൂടിയാണ് പവിത്രം. ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നതു ട്രിവാൻഡറും ലോഡ്‌ജ്‌ എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്ത കോര എന്ന കഥാപാത്രത്തിലൂടെ ആയായിരിക്കും. കമ്മട്ടിപ്പാടം എന്ന അടുത്തിറങ്ങിയ ചിത്രത്തിലെ രചനയിലൂടെ അദ്ദേഹം ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് മലയാള സിനിമയില്‍ നടത്തിയിരിക്കുന്നത്. ഇനിയും പവിത്രമോ ഉള്ളടക്കമോ പോലുള്ള ചിത്രങ്ങളുമായി അദ്ദേഹം നമ്മെ വിസ്മയിപ്പിക്കട്ടെ.