Tuesday 29 August 2017

ദിലീപിന് സംഭവിച്ചത്

ദിലീപിന് സംഭവിച്ചത്
ഇന്ന് കൈരളി യുടെ ഫെയ്സ്ബുക്ക് പേജിൽ വന്ന വാര്‍ത്ത താഴെ കൊടുക്കുന്നു

കൊച്ചി: രാം കുമാറിനെ മാറ്റി പുതിയ അഭിഭാഷകനായി രാമന്‍ പിള്ള എത്തിയതോടെ ജാമ്യം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദിലീപ് . ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയ അടുത്ത ആളുകളും ജാമ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷ പങ്കുവെച്ചതോടെ ഓണത്തിന് കുടുംബത്തോടൊപ്പം സദ്യയുണ്ണാമെന്ന ആത്മവിശ്വാസത്തിലാണ് ജനപ്രിയ നായകന്‍ ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക‍ഴിഞ്ഞത്. ജാമ്യം ലഭിക്കുമെന്ന ആത്മവിശ്വാസം നിരാശകളില്‍ നിന്നും ദിലീപിനെ കരകയറ്റിയിരുന്നു. എന്നാല്‍ ജാമ്യഹര്‍ജി കോടതി വീണ്ടും തള്ളിയതോട അക്ഷരാര്‍ത്ഥത്തില്‍ താരം തളര്‍ന്നിരിക്കുകയാണ്.
മുദ്രവെച്ച കവറില്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയ പുതിയ തെളിവുകളാണ് ദിലീപിനെ വീണ്ടും കുരുക്കിലാക്കിയത്. 4 മണിക്കൂറോളം വാദം നടത്തി രാമന്‍പിള്ള കോടതിയില്‍ നിന്ന് മടങ്ങിയപ്പോള്‍ ദിലീപ് ജാമ്യം ഏകദേശം ഉറപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ണായക തെളിവുകല്‍ വാദ വേളയില്‍ പ്രൊസിക്യൂഷന്‍ പുറത്തെടുത്തതോടെ രാമന്‍പി‍ള്ളക്ക് മറുപടിയില്ലാതാവുകയായിരുന്നു. പ്രത്യേകിച്ചും അറസ്റ്റിലായ ഉടന്‍ പള്‍സര്‍ സുനി ദിലീപിന് ശബ്ദ സന്ദേശമയച്ചതിന്‍റെ തെളിവുകള്‍ പ്രൊസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചതാണ് ജാമ്യം തള്ളുന്നതില്‍ ഏറ്റവും ശക്തമായ ഘടകം.
രാം കുമാര്‍ മാറി രാമന്‍പിള്ള എത്തിയപ്പോള്‍ കൂടുതല്‍ ശക്തമായ വാദമുഖങ്ങളാണ് കോടതിയില്‍ അവതരിപ്പിക്കപ്പെട്ടത്. തെളിവില്ലാതെ ഒരു കുറ്റവാളിയുടെ മൊ‍ഴി മാത്രം വിശ്വസിച്ചാണ് ദിലീപിനെതിരെ കേസെടുത്തതെന്നായിരുന്നു വാദം; ദിലീപിനെതിരെ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നും രാമന്‍പിള്ള വാദിച്ചു എന്നാല്‍ ശക്തമായ തെളിവുകളുമായി പ്രൊസിക്യൂഷന്‍ വാദിച്ച് കയറിയപ്പോള്‍ പൊളിഞ്ഞുവീണത് ദീലീപ് കെട്ടിപ്പൊക്കിയ പ്രതീക്ഷകള്‍ കൂടിയായിരുന്നു.
ജാമ്യം നേടി പുറത്തിറങ്ങി ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ദിലീപ്. ജാമ്യം ലഭിച്ചാല്‍ ഫാന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ റോഡ് ഷോ വരെ നടത്താന്‍ പ്ലാനുണ്ടായിരുന്നു എന്നാണറിയുന്നത്. ഇതിനുള്ള വര്‍ക്കുകള്‍ പി ഏര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങയിരുന്നു. ജാമ്യം ലഭിച്ചാല്‍ പെട്ടിയിലിരിക്കുന്ന രാമലീല സിനിമയുടെ റിലീസ് അടക്കം നടത്താനും പദ്ധതിയുണ്ടായിരുന്നു.
എന്നാല്‍ കേരളത്തലെ ലഭിക്കാവുന്ന ഏറ്റവും പ്രമുഖനായ ക്രിമിനല്‍ അഭിഭാഷകനെ തന്നെ രംഗത്തിറക്കയിട്ടും ജാമ്യം കിട്ടാതെ പോയത് ദിലീപിന്‍റെ മുന്നോട്ടുള്ള സാധ്യതകള്‍ക്കും തിരിച്ചടിയാണ്. ശക്തമായ തെളിവുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത് എന്നതിന്‍റെ വ്യക്തമായ തെളിവ് കൂടിയാണ് പ്രൊസിക്യൂഷന്‍ വാദങ്ങളെ കൊടതി പൂര്‍ണമായും ശരിവെച്ചത്

Friday 25 August 2017

Sunday 20 August 2017

നിവിനെ അപമാനിച്ച നാനക്ക് ചെകിടടച്ച് അടികൊടുത്ത് ശ്യാമപ്രസാദ്

നിവിനെ അപമാനിച്ച നാനക്ക് ചെകിടടച്ച് അടികൊടുത്ത് സംവിധായകൻ  ശ്യാമപ്രസാദ്

കഴിഞ്ഞ ദിവസം നാന സിനിമ വാരികയുടെ ഫെയ്സ്ബുക്ക് പേജിൽ നിവിനെതിരെ പോസ്റ്റ് ചെയ്ത വാര്‍ത്തക്ക് മറുപടിയുമായി സംവിധായകൻ ശ്യാമപ്രസാദ് രംഗത്ത് എത്തി. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിൽ കൂടിയാണ് പ്രതികരണം. 
അദ്ദേഹം എഴുതിയത് ഇങ്ങനെ... 

"ഓൺലൈൻ സിനിമ വിവാദങ്ങൾക്കും സ്കൂപ്പുകൾക്കും അതർഹിക്കുന്ന അവഗണന കൊടുക്കുന്നതാണ് നല്ലത്. പക്ഷെ ഇവിടെ ഒരു നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ ഒരു കലാകാരനെ മാത്രം താറടിക്കാനുള്ള ശ്രമം കാണുന്നതു കൊണ്ട്, പ്രതികരിക്കാതെ വയ്യ എന്നത് കൊണ്ട് മാസങ്ങൾക്ക് ശേഷം ഒരു ഫേസ്ബുക് അപ് ഡേറ്റ്.

ഹേയ് ജൂഡ് എന്ന സിനിമയുടെ സെറ്റിൽ വന്നപ്പോൾ താരങ്ങളുടെ ചിത്രങ്ങൾ സ്വന്തം ഫോട്ടോഗ്രാഫറെ കൊണ്ട് എടുപ്പിക്കാനായില്ല എന്നും, അതിന് നിവിൻ പോളി ആണ് കാരണക്കാരൻ എന്നും വിമർശിച്ചു കൊണ്ടുള്ള നാന റിപ്പോർട്ടറുടെ ലേഖനമാണ് ഈ കുറിപ്പിനാധാരം.

സിനിമയുടെ രൂപഭാവങ്ങൾ ആദ്യമായി പുറത്തു കാണുന്നത് നമ്മൾ ഉദ്ദേശിച്ചതു പോലെത്തന്നെ ആവണമെന്നു തീർചയായും ഞങ്ങൾ ആലോചിച്ചിരുന്നു. നിവിന് ആ ധാരണയാണുണ്ടായിരുന്നതെന്ന് വാസ്തവമാണ്. ആ വിധത്തിൽ കൃത്യമായി തിരഞ്ഞെടുത്ത അഞ്ചോ ആറോ ചിത്രങ്ങൾ സിനിമയുടെ പി.ആർ.ഓ. വഴി മാധ്യമങ്ങൾക്ക് എത്തിക്കുകയും ചെയ്തിരുന്നു. സെറ്റ്‌ കവർ ചെയ്യുന്നതിൽ എനിക്ക്‌ വിരോധം ഒന്നുമില്ലെന്നു പറഞ്ഞത്‌ സത്യം തന്നെ, പക്ഷെ താരങ്ങളെ പ്രത്യേകം പോസ്‌ ചെയ്ത്‌ എക്സ്ക്ലൂസീവുകൾ എടുക്കുന്നത്‌ അവരുടെ കൂടെ സമ്മതത്തോടെ തന്നെയാവണം, അത്‌ ന്യായവുമാണ്‌. അത്തരം ചിത്രങ്ങൾ, കഥാപത്രങ്ങളുടെ സ്വഭാവത്തിനും, പരസ്പര ബന്ധത്തിനും പലപ്പോഴും ചേരാതെ വരുന്നത്‌ കൊണ്ട്‌ എനിക്കും ഇത്തരം പോസ്‌ പടങ്ങളോട്‌ ഒരു താത്പര്യവുമില്ല. ഈ ധാരണകൾ വെച്ചു കൊണ്ടാവണം നിവിൻ വിസമ്മതിച്ചത്‌. പിന്നെ, ഷൂട്ടിങ്ങിന്റെ ടെൻഷനിൽ നിന്ന എനിക്ക് ഇക്കാര്യത്തിൽ 'മീഡിയ മാനേജ്മെന്റ്' ചെയ്യാനുള്ള മനസ്സംയമനമൊന്നുമില്ല, അതെന്റെ ജോലിയുമല്ല.

ഒരു വാരിക, സെറ്റ് കവർ ചെയ്യാൻ വരുന്നത് ആ സിനിമയെ അങ്ങോട്ട് സഹായിച്ചു കളയാം എന്ന ഔദാര്യം കൊണ്ട് മാത്രമല്ല, അവരുടെ സ്വന്തം വാണിജ്യ താൽ പര്യം കൊണ്ടു കൂടിയാണെന്ന് ഞാൻ പറയാതെ മനസ്സിലാവുമല്ലോ. ചിലപ്പോഴൊക്കെ, വാണിജ്യപരമായ കാരണങ്ങളാൽ ഇത്തരം ഇടങ്ങളിൽ ചില വിരുദ്ധ അഭിപ്രായങ്ങളും തടസ്സങ്ങളും ഉണ്ടാവും. അതു കൊണ്ട്, ‘തൊഴിലിടങ്ങളിൽ മാധ്യമപ്രവർതകരെ ജോലിയെടുപ്പിക്കുന്നില്ല” എന്ന പരിദേവനമൊക്കെ അതിശയോക്തിപരമാണെന്ന് പറയാതെ വയ്യ. എന്നിട്ട്, ഒരു വ്യക്തിയെ മാത്രം ലാക്കാക്കി, “ആപത്സൂചന’ ശാപം’ എന്നൊക്കെ അമ്പുകൾ എയ്യുന്നതും, ടീമിനകത്ത് തെറ്റിദ്ധാരണകളും കുത്തിത്തിരിപ്പും ഉണ്ടാക്കാൻ ശ്രമിക്കുന്നതുമൊക്കെ പതിവ് മാധ്യമ വികൃതികൾ എന്നേ കരുതാനാവൂ, പ്രത്യേകിച്ച്, 'ഇന്നത്തെ കാലത്തിന്റെ' ഒരു സവിശേഷ അവസ്ഥ വെച്ച് ഈ കളി എളുപ്പം ചിലവാകും എന്ന ധാരണയും ചിലർക്കുണ്ടാകും. താരമൂല്യത്തേയും താരപ്രഭയേയും ഒക്കെ മുതലാക്കുന്നതിൽ നിർമ്മാതാക്കൾക്കും സംവിധായകനും ഒക്കെ ഒപ്പം തന്നെയാണ്‌ സിനിമാ വാരികകളും. അതു കൊണ്ട് ദിവ്യപരിവേഷമണിഞ്ഞു കൊണ്ട് ആരും സംസാരിക്കേണ്ട.

തമാശ അതല്ല, ഇത്തരുണത്തിൽ ‘അപമാനിതരായി മടങ്ങിപ്പോയ” ലേഖക സംഘം അടുത്ത ആഴ്ച് തന്നെ കയ്യിൽ കിട്ടിയ 'ഹേയ് ജൂഡ്' ചിത്രങ്ങൾ ചേർത്ത് ഒരു കവർ പേജും, നാലു പേജു നീളുന്ന ഒരു റിപ്പോർട്ടുമൊത്ത് ഒരു ലക്കമിറക്കി വിറ്റു കാശാക്കാൻ മടിയൊന്നും കാണിച്ചില്ല. അതിനു ശേഷമാണ് ലേഖകന്റെ ഓൺലൈൻ 'ധാർമിക രോഷം'. ഇതാവും പുതിയ മാധ്യമ നീതി, അല്ലെ?"" "


Saturday 5 August 2017

ചങ്ക്സ് അഥവാ ഒമറിന്റെ ഭരണിപ്പാട്ട്

ചങ്ക്സ് - ഒമറിന്റെ ഭരണിപ്പാട്ട്
എഴുതിയത് : സുനിൽ നടയ്ക്കൽ

******************************************

ഒമര്‍ ലുലുവിറെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചങ്ക്സിന്‍റെആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മിക്സ് റിവ്യൂകൾ പുറത്തു വന്നിരുന്നെങ്കിലും ഫേസ് ബുക്കിൽ പുതിയ സിനിമകളുടെ സത്യസന്ഥമായ അഭിപ്രായം അറിയാന്‍ ഒരുപാട് പേർ ആശ്രയിക്കുന്ന യഥാർഥ പേര് വെളിപ്പെടുതാത്ത  2 പ്രമുഖ എഴുത്തുകാരുടെ  പൊസിറ്റിവ് റിവ്യു വായിച്ചപ്പോള്‍ കിട്ടിയ ചെറിയ പ്രതീക്ഷയും പടത്തിന് കിട്ടിയ U  സർട്ടിഫിക്കറ്റും ടിക്കറ്റെടുക്കാൻ പ്രേരണയായി

"പണത്തിന്നു മേലെ പരുന്തും പറക്കില്ല "

തന്റെ ഒന്നാം ചിത്രത്തിലെ പോലെ തന്നെ എന്ജിനീറിങ് കോളേജ് പിശ്ചാത്തലമാക്കി തന്നെയാണ് സംവിധായകൻ കഥ പറയുന്നത് അവിടുത്തെ ചങ്ക്സ് ആയ നാലു സുഹൃത്തുക്കളുടെ ഇടയിലേക്ക് കടന്നു വരുന്ന മാദക സുന്ദരിയും പിന്നെ സ്ഥിരം പ്രശ്നങ്ങളും


ആദ്യമേ പറയട്ടെ ഈ അടുത്ത കാലത്തു ഇത്ര മോശമായ ഒരു ടൈറ്റിൽ കാർഡ് കണ്ടിട്ടില്ല. അവിടെ തുടങ്ങിയ നിലവാരമില്ലായ്മ സിനിമ തീരുന്ന വരെ മുഴച്ചു നിന്നു.  തന്റെ രണ്ടാമത്തെ സിനിമയിലെത്തുമ്പോഴേക്കും  സഭ്യതയുടെ എല്ലാ അതിർ വരമ്പുകളും പിന്നിട്ടിരിക്കുന്നു സംവിധായകൻ. ടൈറ്റില്‍ കാര്‍ഡില്‍ തുടങ്ങിയ ആഭാസം ഏന്‍ഡ് ക്രെഡിറ്റ്  വരെ  നില നിര്‍ത്താനായി എന്നത് മേന്മയാണ് . തന്റെ  ഒന്നാം സിനിമയില്‍ വൾഗര്‍ കോമഡികള്‍ക്ക് നായകന്റെ സഹപാഠികളായിരുന്നു ഇരയെങ്കില്‍ ഇപ്രാവശ്യം അധ്യാപകരെ പോലും വെറുതെ വിടുന്നില്ല ഒമര്‍. ഡബിൾ മീനിങ് കോമഡികളുടെ സംസ്ഥാന സമ്മേളനം തന്നെയാണ് സിനിമ  ഇടവേളകളിൽ പുട്ടിനു പീര പോലെ ഇരുപത്തഞ്ചു കൊല്ലം മുൻപൊക്കെ എന്ജിനീറിങ് കാമ്പസുകളിൽ ഔട്ട് ഓഫ് ഫാഷൻ ആയ ചളി നമ്പറുകളും

കഥ എന്ന് പറയാന്‍ അങ്ങിനെ പ്രത്യേകിച്ച് ഒന്നും ഇല്ല ഇനി ഉള്ളതോ കട്ടപ്പനയിലെ റിഥിക് റോഷനില്‍ നിന്ന് ചുരണ്ടിയതും  ഇവിടെയും വെളുത്ത സുന്ദരി പെണ്ണിനെ സ്നേഹിച്ച കറുത്ത സൌന്ദര്യമില്ലാത്ത നായകന്‍റെ  ധര്‍മ്മ സങ്കടങ്ങള്‍. സ്ഥിരം ലോജിക്കില്ലായ്മയും കഥയുടെ അവസാനത്തില്‍ ഒറ്റ നിമിഷം കൊണ്ട് മലക്കം മറിയുന്ന  നായികയും മറ്റു കഥാപാത്രങ്ങളും. വ്യക്തിത്വമുള്ള ഒരു കഥാപാത്രത്തെ പോലും സൃഷ്ടിക്കാന്‍ സംവിധായകനോ തിരക്കഥാകൃത്തുക്കളോ ശ്രമിച്ചിട്ടില്ല  മൊത്തത്തില്‍  സിനിമ കൊണ്ട് ആക്കെങ്കിലും ഗുണമുണ്ടോ എന്ന് ചോദിച്ചാല്‍ കുറെ   സിനിമകളില്‍ നായന്റെ എര്‍ത്ത് ആയി നടന്നിരുന്ന ബാലു വര്‍ഗീസിനാണ്
എല്ലാ അര്‍ത്ഥത്തിലും

ഗ്ലാമർ പ്രദർശനം  പ്രധാന ജോലിയാക്കിയ നായിക തന്റെ ജോലി ഭംഗിയാക്കി പ്രത്യേകിച്ചും ഗോവന്‍ രംഗങ്ങളില്‍  . മറ്റ് കഥാപാത്രങ്ങളിൽ ധർമജൻ മാത്രമാണ് അൽപ്പം ആശ്വാസം . അടുത്ത കാലത്തായി ആഭിനയിക്കുന്ന എല്ലാ സിനിമകളിലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന സിദ്ദിക്ക്നെ പോലും ഉപയോഗിക്കാന്‍ സംവിധായകന് കഴിഞ്ഞില്ല. സിനിമക്ക് സംഭാഷണം എഴുതിയ സുഹൃത്തുക്കൾക്ക് ഭരണിപ്പാട്ടെഴുത്തിൽ ഭാവിയുണ്ട്. ഗോപി സുന്ദറിന്റെ സംഗീത വിഭാഗം വൻ പരാചയം. ആൽബിയുടെ  ക്യാമറ തരക്കേടില്ല എവിടെ നിന്നോ തുടങ്ങിയ സിനിമ എങ്ങിനെയോ അവസാനിച്ചപ്പോൾ ഒരാശ്വാസം തോന്നി.

ഫേസ് ബുക്കിലെ സിനിമാ ഗ്രൂപ്പുകളുടെയും ട്രോൾ പേജുകളുടെയും പേര്  ടൈറ്റിൽ കാർഡിൽ ഏഴുതി കാണിച്ചും ലൈവ് വന്നും ഒക്കെ  പരമാവധി പിന്തുണ ഉറപ്പാക്കാൻ സംവിധായകൻ കാണിച്ച മിടുക്കും സമയവും സിനിമയുടെ തിരക്കഥയിലും സംഭാഷണങ്ങളിലും ഉപയോഗിച്ചിരുന്നെങ്കിൽ സിനിമ  ഒരൽപ്പം മെച്ചപ്പെട്ടേനെ.ഫണ് റൈഡ് എന്ന ടാഗ് ലൈനിൽ എന്തു പേക്കൂത്ത് കാണിച്ചാലും എന്നും മലയാളി പ്രേക്ഷകർ ക്ഷമിക്കും എന്നത് സംവിധായകന്റെ  മിഥ്യാ ധാരണ മാത്രമാണ് . കോളേജ് എന്നാല്‍ വെറും വെള്ളമടിയും ആഭാസത്തരങ്ങളും മാത്രമാണെന്നാണ് സംവിധായകന്‍ ധരിച്ചു  വച്ചിരി‍ക്കുന്നതെന്ന് അയാളുടെ രണ്ടു സിനിമകളും തെളിയിക്കുന്നു കലാലയ ജീവിതത്തിന്റെ നല്ല വശങ്ങളെ കാണിക്കുന്ന ‍ ഒരു സീനെങ്കിലും ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സംവിധായകന്‍ ശ്രമിക്കേണ്ടതായിരുന്നു.

ഒരു സംവിധായന്റെ യഥാർഥ  കഴിവ് തെളിയിക്കുന്നത് അയാളുടെ രണ്ടാമത്തെ സിനിമയിലാണെന്നു കേട്ടിട്ടുണ്ട് അത്തരത്തില്‍ നോക്കിയാല്‍ ഒമര്‍  താങ്കൾ സംവിധായകന്‍ എന്ന നിലയില്‍ പരാചയം ആണെന്ന് വ്യസനത്തോടെ  പറയേണ്ടി വരും . സ്വന്തം കുടുംബത്തോടൊപ്പം തിയേറ്ററില്‍ നിന്ന് സിനിമ കണ്ടു തല കുനിച്ചിറങ്ങി വരാനുതകാത്ത  ഒരു സൃഷ്ടി താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു

വാൽകഷ്ണം :- കുടുംബവും കുട്ടികളുമായി ജനം തിയ്യറ്ററുകളിലേക്കെത്തുമ്പോഴാണ് നല്ല സിനിമകൾ വിജയിക്കുന്നത് അതിനുതകുന്ന ഒരു സിനിമാ സംസ്കാരം വളർത്തേണ്ടത് സിനിമാ പ്രവർത്തകരോടൊപ്പം പ്രേക്ഷകരുടെയും കടമയാണ ഒമറിന്റെ ഒന്നാമത്തെ സിനിമ വിജയിപ്പിച്ച പ്രേക്ഷകര്‍ ആണ് ഒരു കണക്കിന് തെറ്റുകാര്‍. ആ വിജയത്തില്‍ നിന്നുള്ള പ്രചോധനമാണ് അയാളെ വീണ്ടും ഇത്തരത്തിലൊരു സിനിമയുമായി വരാന്‍ പ്രേരിപ്പിച്ചത് നല്ല  സിനിമകൾ വിജയിപ്പിക്കുന്നതിനോടൊപ്പം  ഇത്തരം സിനിമകൾ വിജയിപ്പിക്കാതിരിക്കേണ്ടതും  പ്രേക്ഷകരുടെ ഉത്തരവാദിത്വമാണ്. അല്ലെങ്കിൽ ഇതാണ് പ്രേക്ഷക അഭിരുചി എന്നു തെറ്റു ധരിച്ചു ഇനിയും ഇത്തരം സിനിമകളുടെ കുത്തൊഴുക്കിന്‌ നമ്മൾ സാക്ഷികളാകേണ്ടി വരും .
ഒരു കാലത്ത് മലയാള സിനിമയെ  പിന്നോട്ടടിപ്പിച്ച ഷക്കീല തരംഗം പോലെ ഒന്ന്.

എഴുതിയത് : സുനിൽ നടയ്ക്കൽ